This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോലാന്‍ കുന്നുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോലാന്‍ കുന്നുകള്‍

സിറിയയുടെ തെ. പടിഞ്ഞാറു ഭാഗത്തുള്ള കുന്നിന്‍ പ്രദേശങ്ങള്‍. അല്‍ ക്വിനായ്റ്റീറാ, ദാറ എന്നീ ഭരണ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് ഗോലാന്‍ കുന്നുകള്‍. വ. ഹെര്‍മന്‍ പര്‍വതം, തെ. യാര്‍മുക് നദി, കി. യാര്‍മുക് നദിയുടെ കൈവഴിയായ വാഡിയാര്‍-റഗാഡ്, പ. ജോര്‍ദാന്‍ നദിയും ഗലീലീ സമുദ്രവും- ഇതാണ് ഗോലാന്‍ കുന്നുകളുടെ അതിരുകള്‍. എന്നാല്‍ ഗോലാന്‍ ഭരണപ്രദേശത്തിന്റെ അതിരുകള്‍ വ്യത്യസ്തമാണ്. തെ. വടക്ക് ഏകദേശം 71 കി.മീറ്ററും കി. പടിഞ്ഞാറ് ഏകദേശം 43 കി.മീറ്ററും ഒരു ബോട്ടിന്റെ ആകൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഇതിന് 1,150 ച.കി.മീറ്ററാണ് വിസ്തൃതി. ബൈബിളിലെ 'അഭയാര്‍ഥി നഗരം' എന്നര്‍ഥം വരുന്ന 'ഗോലാന്‍' എന്ന വാക്കില്‍ നിന്നാണ് ഈ കുന്നുകളുടെ പേരിന്റെ ഉദ്ഭവം. ചരിത്ര ഗവേഷകരുടെ അഭിപ്രായത്തില്‍ ബൈബിളിലെ നഗരമായ ഗോലാന്‍ ഇപ്പോഴത്തെ ഗോലാന്‍ പ്രദേശത്തിന് പ. ഹൌറാന്‍ മേഖലയിലായിരുന്നു.

കുന്നുകളും സമതലങ്ങളും ചേര്‍ന്നു കാണുന്ന ഗോലാന്‍ പ്രദേശത്തില്‍ അങ്ങിങ്ങായി കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന പര്‍വതശിഖരങ്ങള്‍ കാണാം. ഗോലാന്‍ കുന്നുകളില്‍ കൃഷിക്കനുയോജ്യമായ ഭൂമി തെ. ഭാഗത്താണ്. ഇസ്രയേല്‍-അധിനിവേശ പ്രദേശത്ത് ഗോലാന്‍ കുന്നുകള്‍ക്ക് 2,224 മീ. വരെ ഉയരം കാണുന്നുണ്ട്.

സിറിയയുടെ ചരിത്രത്തില്‍ ഗോലാന്‍ കുന്നുകളുടെ സ്ഥാനം സുപ്രധാനമാണ്. ഈ പ്രദേശത്ത് പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണാം. ഗ്രീക്കുകാലത്തെയും റോമന്‍കാലത്തെയും സൂചിപ്പിക്കുന്നവയാണ് ഈ അവശിഷ്ടങ്ങളൊക്കെയും. പുരാതന ജൂതഭവനങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. കോളനികള്‍ സ്ഥാപിക്കുന്നതിനായി പല വിദേശരാജ്യങ്ങളും ശ്രമം നടത്തിയെങ്കിലും ഇവിടെ നിലനിന്ന ഭൂനിയമം (പൗരന്മാരല്ലാത്തവര്‍ക്ക് ഇവിടെ സ്ഥിരതാമസത്തിന് അനുവാദമില്ല) ആ ശ്രമങ്ങളൊക്കെ നിഷ്ഫലമാക്കി. ഒന്നാം ലോകയുദ്ധത്തിനുശേഷം ഗോലാന്‍ കുന്നുകള്‍ ഫ്രഞ്ച് ഭരണപ്രദേശമായ സിറിയയുടേതായി. 1941-ല്‍ സിറിയ സ്വതന്ത്രമായതിനെത്തുടര്‍ന്ന് ഗോലാന്‍ കുന്നുകള്‍ സിറിയയുടെ ഭാഗമായി. 1967-ല്‍ ഇസ്രയേലും ഈജിപ്തും തമ്മിലുള്ള യുദ്ധത്തില്‍ സിറിയ ഈജിപ്തിനെ സഹായിക്കുകയും ഗോലാന്‍ കുന്നിന്‍ പ്രദേശത്തു നിന്നുകൊണ്ട് ഇസ്രയേലിലെ ഗ്രാമങ്ങളുടെമേല്‍ ആക്രമണം നടത്തുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ ഇസ്രയേല്‍ തിരിഞ്ഞാക്രമിക്കുകയും ഗോലാന്‍ കുന്ന് കൈവശപ്പെടുത്തുകയും ചെയ്തു. 1974-വരെ ഇസ്രയേലിന്റെ സൈനികത്താവളമായിരുന്നു ഗോലാന്‍ കുന്നുകള്‍. ഗോലാന്‍ കുന്നിന്‍ പ്രദേശം വിട്ടുകിട്ടുന്നതിനു വേണ്ടിയുള്ള തര്‍ക്കങ്ങളും പോരാട്ടങ്ങളും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍